കൊവിഡ് : യുഎഇയില്‍ മടങ്ങിയെത്തിയത് മുക്കാല്‍ലക്ഷം ഇന്ത്യക്കാര്‍ ; പ്രതിദിനം 3,000 യാത്രക്കാര്‍ ഇന്ത്യയിലേക്ക് ; നാട്ടില്‍ ക്വാറന്‍റൈനിലെ ഇളവ് കാത്ത് പ്രവാസി സമൂഹം

Jaihind News Bureau
Saturday, September 5, 2020

 

ദുബായ് : ഇന്ത്യ-യുഎഇ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം പോകുന്നവരുടെ എണ്ണം 3,000 ആയി. ഇതോടൊപ്പം, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വലിയ രീതിയില്‍ കൂടി. അതേസമയം, മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യന്‍ നിവാസികള്‍ ഇതിനകം യുഎഇയില്‍ മടങ്ങിയെത്തിയെന്നാണ് പ്രാഥമിക കണക്ക്.

സന്ദര്‍ശക വീസക്കാരെ പോലെ, മറ്റു തരം വീസക്കാരും, പ്രശ്ങ്ങള്‍ ഇല്ലാതെ, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണ്. ഇന്ത്യ-യുഎഇ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഈ മാറ്റം. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സാവധാനം, സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകളാണിത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രക്കാരുടെ സ്ഥിരമായ ഒഴുക്ക് സജീവമായെന്ന്, ദുബായിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാര്‍ക്ക്, തിരിച്ചു വരാനുള്ള അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും യാത്രാക്കാരുടെ എണ്ണം കൂടാന്‍ കാരണമാക്കി. കഴിഞ്ഞ രണ്ടും മൂന്നും ആഴ്ചകളായി യാത്രക്കാരുടെ തിരക്ക് കൂടുതലാണ്. മിക്ക വിമാനങ്ങളും മുഴുവന്‍ യാത്രക്കാരെയും വഹിച്ചാണ് വരുന്നത്. ഇന്ത്യ-യുഎഇ എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി, മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യന്‍ നിവാസികള്‍ ഇതിനകം രാജ്യത്തേക്ക് മടങ്ങിയെത്തി. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

ഇന്ത്യ-യുഎഇ വിമാനക്കമ്പനികളില്‍ പ്രതിദിനം 8,000 മുതല്‍ 9,000 വരെ സീറ്റുകള്‍ ലഭ്യമാണ്. എന്നാല്‍, ഏകദേശം 3,000 യാത്രക്കാര്‍ ദിവസവും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു. നാട്ടിലേക്ക് മടങ്ങാന്‍, ഇനി ഇന്ത്യന്‍ നയതന്ത്ര വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന, പുതിയ തീരുമാനവും യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി. ഇനി നാട്ടില്‍ ക്വാറന്റൈന്‍ നടപടികളില്‍ ഇളവ് വന്നാല്‍, വീണ്ടും വിമാന യാത്രക്കാരുടെ എണ്ണം കൂടും. ഇതിനായുള്ള കാത്തിരിപ്പിലാണ് പ്രവാസി സമൂഹം.

teevandi enkile ennodu para