തിരുവനന്തപുരം: മേയറുടെ കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഒന്നര വർഷത്തിനിടെ 3 സുപ്രധാന ഫയലുകൾ കാണാതായത് പുതിയ വിവാദത്തിന് തിരിതെളിക്കുന്നു. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കെട്ടിട നമ്പർ വിഭാഗത്തിലെ 2 ഫയലും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്‍റെ പരിധിയിൽ വരുന്ന ഒരു ഫയലുമാണ് തിരുവനന്തപുരം നഗരസഭയിൽ കാണാതായത്. കോർപ്പറേഷനെ പിടിച്ചുലച്ച കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഇതിലൊന്ന്. കോർപ്പറേഷൻ അധികൃതർ മ്യൂസിയം പോലീസിൽ നൽകിയ പരാതികളിൽ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിഷയം രഹസ്യമായി കൈകാര്യം ചെയ്യുകയാണ് അധികൃതർ.
കോർപ്പറേഷനിൽ ഒരു വർഷം കുറഞ്ഞത് 20 ഫയലുകളെങ്കിലും അപ്രത്യക്ഷമാകുകയോ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ചെയ്യുന്നുണ്ടെന്ന ആരോപണം ബലപ്പെടുകയാണ്. എന്നാൽ ഇതൊക്കെ പോലീസിൽ അറിയിക്കാതെ ആഭ്യന്തര അന്വേഷണം നടത്തി ഒതുക്കുകയാണ് പതിവ്. വിജിലൻസ് അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് പല ഫയലുകളും അപ്രത്യക്ഷമാകുന്നത്. കരാറുകാരുടെ ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിലും ചില ഫയലു കൾ മുക്കാറുണ്ട്. സോണൽ ഓഫീസുകളുടെയും 25 സർക്കിൾ ഓഫീസുകളുടെയും ഫയലുകൾ കോർപ്പറേഷൻ ആസ്ഥാനത്താണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ എത്തിക്കേണ്ട ഫയലുകൾ സോണൽ, സർക്കിൾ ഓഫിസുകളിലേക്ക് മാറിപ്പോകുന്നത് പതിവാണ്. മാസങ്ങൾക്കു ശേഷം ചിലത് തിരിച്ചെത്തും, ചിലത് കാണാതാകും! കത്ത് വിവാദത്തിന്പിന്നാലെ ഫയലുകൾ കാണാതായ സംഭവം നഗരസഭാ ഭരണ സമിതിയെ വീണ്ടും പിടിച്ചുലയ്ക്കുകയാണ്.