തിരുവനന്തപുരം: കേരളത്തിലും ബംഗാളിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയവർ കോണ്‍ഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ രഹസ്യ ബാന്ധവമാണ് ഇപ്പോള്‍ ബംഗാളില്‍ പരസ്യമായിരിക്കുന്നത്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്‌റൂവിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചുമാത്രമേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. ഇതില്‍ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തില്‍ ആദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയുമാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
“എം.വി ഗോവിന്ദനും പിണറായി വിജയനും എം.എ ബേബിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെ അറിവോടെയല്ലേ സി.പി.എം ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ രഹസ്യ ബാന്ധവമാണ് ഇപ്പോള്‍ ബംഗാളില്‍ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നില്‍ക്കണമെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങള്‍ തന്നെയാണ് കേരളത്തില്‍ വന്ന് കോണ്‍ഗ്രസ് നേതാക്കളുടേത് സംഘി മനസാണെന്ന് പറയുന്നത്. കേരളത്തിലും ബംഗാളിലും സഖ്യമുണ്ടാക്കിയ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്‌റൂവിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. ഇക്കാര്യം ചിന്തന്‍ ശിവിറിലും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തില്‍ ആദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയുമാണ് യു.ഡി.എഫും കോണ്‍ഗ്രസും.”