പാലക്കാട് ജില്ലയ്ക്ക് തെർമൽ ബോഡി സ്ക്രീൻ സ്കാനർ; 8 ലക്ഷം രൂപ അനുവദിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ

Jaihind News Bureau
Tuesday, May 5, 2020

ആധുനിക സൗകര്യങ്ങളോടുകൂടിയ തെർമൽ ബോഡി സ്ക്രീൻ സ്കാനർ വാങ്ങാന്‍ 8 ലക്ഷം രൂപ അനുവദിച്ച്  ഷാഫി പറമ്പില്‍ എംഎല്‍എ.   നോർക്ക റൂട്ട്സ് വഴി രജിസ്റ്റർ ചെയ്ത് വാളയാർ ചെക്ക്പോസ്റ്റ് വഴിയും റയിൽവേ സ്റ്റേഷൻ വഴിയും കേരളത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുളള പ്രാഥമിക പരിശോധനകൾ വേഗത്തിലാക്കാൻ തെർമൽ ബോഡി സ്ക്രീൻ സ്കാനർ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

മെഷീൻ ക്യാബിനിലൂടെ ഒരേ സമയം പത്തോളം പേർക്ക് കടന്നുപോകാവുന്നതും ഓരോരുത്തരുടേയും ശരിരോഷ്മാവ് പ്രത്യേകം പരിശോധിച്ച് ഡിജിറ്റൽ സ്ക്രീനിൽ രേഖപ്പെടുത്തപ്പടുന്നതുമാണ്. പരിധിയിൽ കൂടുതൽ ശരീരോഷ്മാവുളളവരെ മാത്രമേ പിന്നീടുളള പരിശോധനകൾക്ക് വിധേയമാക്കേണ്ട ആവശ്യമുളളൂ.

നിലവില്‍ ആരോഗ്യ പ്രവർത്തകർ ഇൻഫ്രാറെഡ് തെർമൽ സ്കാനറുമായി വളരെ അടുത്തുചെന്ന് നെറ്റിയിൽ ഇൻഫ്രാറെഡ് രശ്മി തെളിയിച്ച് ശരീരോഷ്മാവ് പരിശോധിച്ചുവരികയാണ് ചെയ്തുവരുന്നത്. ഈ പരിശോധനാ രീതി സുരക്ഷിതക്കുറവും കൂടൂതൽ സമയം എടുക്കുന്നതുമാണ്. ഇത് ഒഴിവാക്കുന്നതിനായാണ് എം എൽ. എ ഫണ്ടിൽ നിന്നും തെർമൽ ബോഡി സ്ക്രീൻ സ്കാനർ അനുവദിക്കാൻ തീരുമാനിച്ചത്.  ഉടൻ തന്നെ സ്കാനർ പാലക്കാട് എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാർ പാലക്കാട് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരോട് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്