റോഡിലെ കുഴികളില്‍ വീണ് മരിച്ചവരെത്ര? നിയമസഭയിലെ ചോദ്യത്തിന് കൈ മലർത്തി പൊതുമരാമത്ത് മന്ത്രി

Jaihind Webdesk
Sunday, September 18, 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചെന്നത് സംബന്ധിച്ച് ആധികാരികമായ വിവരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരിക്കേറ്റവരുടെ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ല. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിലാണ് സംസ്ഥാനത്തെ റോഡുകളിൽ വീണ മരിച്ചവരുടെ എണ്ണം സംബന്ധിച്ച ചോദ്യം ഉയർന്നത്. റോഡിലെ കുഴികളിൽ വീണ മരിച്ചവരുടെ എണ്ണമോ പരിക്കേറ്റവരുടെ കണക്കോ വകുപ്പിന്‍റെ പക്കൽ ഇല്ലെന്ന് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കി. കുഴികളിൽ വീണ് അപകടമുണ്ടായവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ലെന്നും, 183, 183 A, 966 B, 766, 185 എന്നീ ദേശീയപാതകളുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

എംഎൽഎമാരായ അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് കണക്കുകള്‍ സംബന്ധിച്ച് ആധികാരികമായ വിവരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ വ്യക്തമാക്കുന്നത്.