പിണറായി സര്‍ക്കാരിന്‍റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം; വിഡി സതീശന്‍

Jaihind Webdesk
Wednesday, March 1, 2023

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്‍റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. നികുതിക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാടിനും സമരങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായി കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പാണ്. ആറ് സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ് 11 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. എല്‍.ഡി.എഫില്‍ നിന്ന് ആറ് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു.

കോട്ടകളെല്ലാം ഞങ്ങള്‍ പൊളിക്കും. കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്നുറപ്പെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ്- കോണ്‍ഗ്രസ് നേതാക്കളെയും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമുക്കിനിയും ഏറെ മുന്നേറാനുണ്ട്. വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.