സർക്കാർ-ഗവർണർ തർക്കത്തില്‍ നാഥനില്ലാ കളരിയായി എംജി സർവകലാശാല; വിസിയുടെ കസേര ഒഴിഞ്ഞുതന്നെ

Jaihind Webdesk
Friday, June 2, 2023

 

തിരുവനന്തപുരം: ഡോ. സാബു തോമസിനെ വിസിയായി വീണ്ടും നിയമിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ അംഗീകരിക്കാതെ തർക്കം തുടരുന്നത് എംജി സർവകലാശാലയെ നാഥനില്ലാ കളരിയാക്കുന്നു. താൽക്കാലിക ചുമതല പോലും ആർക്കും നൽകാതെ എംജി സർവകലാശാലയിൽ വൈസ് ചാൻസിലർ കസേര ഒഴിഞ്ഞുകിടക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത എംജി സര്‍വകലാശാലയെ നാഥനില്ലാ കളരിയാക്കുകയാണ്. ഡോ. സാബു തോമസ് വിരമിച്ച് ഒരാഴ്ചയായിട്ടും താല്‍ക്കാലിക ചുമതല നല്‍കേണ്ട ആളെ പോലും ഇനിയും കണ്ടെത്താനായിട്ടില്ല. വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടിക്രമങ്ങള്‍ ആരംഭിക്കാത്ത സാഹചര്യത്തിൽ സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് താല്‍ക്കാലിക ചുമതല കൈമാറേണ്ടതുണ്ട്. വിരമിച്ച വിസി സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവെച്ചെങ്കിലും ഗവർണർ ഇത് നിരാകരിക്കുകയായിരുന്നു. പകരം താല്‍ക്കാലിക ചുമതല നല്‍കാന്‍ മൂന്നംഗ പാനല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാബു തോമസിനെയും മറ്റ് പ്രൊഫസര്‍മാരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ നല്‍കിയെങ്കിലും വിരമിച്ചവര്‍ പാനലില്‍ പാടില്ല എന്ന
വാദമുയർത്തി ഇതും ഗവര്‍ണര്‍ തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായി. പകരം സര്‍വീസിലുള്ള പ്രൊഫസര്‍മാരുടെ പുതിയ പാനല്‍ വീണ്ടും ഗവർണർ ആവശ്യപ്പെടും.

മലയാളം സര്‍വകലാശാലയുടെ അധിക ചുമതല കൂടി സാബു തോമസിന് നല്‍കിയിരുന്നതിനാല്‍ ഇദ്ദേഹം വിരമിച്ചതോടെ അവിടെയും വിസി ഇല്ലാത്ത സ്ഥിതിയായി. ഇതോടെ രണ്ട് സര്‍വകലാശാലകളിലെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ആയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിയത് കുട്ടികളുടെ ഉപരിപഠനത്തേയും ജോലി സാധ്യതകളെയും ബാധിച്ചു തുടങ്ങി. പ്രശ്നപരിഹാരമുണ്ടാക്കാതെ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നത് കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.