പകല്‍ സമയത്തെ യാത്രകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ : വ്യാജ സന്ദേശങ്ങള്‍ക്ക് വിരാമം; അനുമതി വേണ്ടത് രാത്രി 8 മുതല്‍ രാവിലെ 6 വരെ മാത്രം

Jaihind News Bureau
Tuesday, March 31, 2020


ദുബായ് : വ്യാജ വാര്‍ത്തകള്‍ മൂലമുള്ള അവ്യക്തതകള്‍ മാറി. യു.എ.ഇയില്‍ പകല്‍ സമയത്ത്
പുറത്തിറങ്ങാന്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ അധികൃതര്‍ സ്ഥിരീകരിച്ചു. യാത്രാ പെര്‍മിറ്റ് ആവശ്യമുള്ളത് രാത്രി 8 മുതല്‍ രാവിലെ 6 വരെയുള്ള സമയങ്ങളിലെ യാത്രകള്‍ക്ക് മാത്രമാണ്. ചില സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുള്ള സന്ദേശങ്ങള്‍ പരന്നിരുന്നു.

അതേസമയം രാത്രി യാത്രകള്‍ ആവശ്യമുള്ളവര്‍ ഫെഡറല്‍ മൊബിലിറ്റി പെര്‍മിറ്റ് സര്‍വീസ് അനുമതി മുന്‍കൂട്ടി കരസ്ഥമാക്കണം. അതേസമയം പകല്‍ സമയത്ത് രാവിലെ 6 മുതല്‍ രാത്രി 8 വരെ നിയന്ത്രണമില്ലെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന് എതിരെയുള്ള അണുവിമുക്തമാക്കല്‍ പരിപാടിക്ക് രാജ്യമെങ്ങും നിയന്ത്രണം ഉള്ളതിനാല്‍ അവശ്യ യാത്രകള്‍ക്ക് ‘താജാവല്‍’ പെര്‍മിറ്റ് സേവനം ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം പകല്‍ പുറത്തുപോകുന്ന ആളുകള്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ദുബായ് പോലീസും വ്യക്തമാക്കി.