‘നഗരം അഗ്നിപർവതത്തിന് മുകളില്‍, തലസ്ഥാനത്ത് സ്ഥിതി അതീവ സങ്കീർണം’: കടകംപള്ളി സുരേന്ദ്രന്‍

Jaihind News Bureau
Sunday, July 5, 2020

Kadakampally-Surendran

 

തിരുവനന്തപുരം : തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനം ഒരു അഗ്നിപർവതത്തിന്‍റെ മുകളിലാണെന്നും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവകരമാണ്. തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കേണ്ടിവരും. സാമൂഹിക വ്യാപനം ഉണ്ടായാല്‍  മറച്ചുവെക്കില്ലെന്നും സര്‍ക്കാര്‍ തന്നെ ആദ്യം പറയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താന്‍ തീരുമാനമായി. ഇതോടെ കണ്ടെയ്ന്‍മെന്‍റ് മേഖലകളിലെ ഭക്ഷണ വിതരണം അവസാനിപ്പിച്ചു.

കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വേണ്ടിവന്നാല്‍ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം കൂടുതല്‍ ജാഗ്രതയിലേക്കും നിയന്ത്രണത്തിലേക്കും കടക്കുകയാണ്. അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണിത്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

അതേസമയം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പതിനായിരം രൂപവരെ പിഴയും രണ്ട് വര്‍ഷംവരെ തടവുശിക്ഷയും ലഭിക്കാം. മാസ്ക്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി പകർച്ചവ്യാധി ഓര്‍ഡിനസ് സംസ്ഥാനം ഭേദഗതി ചെയ്തു. എല്ലാത്തരം വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതു സ്ഥലത്തോ റോഡിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അകലം പാലിക്കാതെയുള്ള യോഗങ്ങളോ മുൻകൂർ അനുമതിയില്ലാത്ത സമരങ്ങളോ ഘോഷയാത്രകളോ പാടില്ല. വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിൽ 20 പേരിലും കൂടരുത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തു വർ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ഒരു വർഷത്തേയ്ക്കോ മറ്റൊരു വിജ്ഞാപനം വരെയോ ആണ് ബാധകം.