‘ലൈഫ്’ എന്നാല്‍ കേരളത്തില്‍ ‘കാത്തിരിപ്പ്’; ലൈഫ് മിഷന്‍ പദ്ധതി തികഞ്ഞ പരാജയമെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, February 8, 2023

 

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി തികഞ്ഞ പരാജയമെന്ന് പ്രതിപക്ഷം. ലൈഫ് മിഷൻ പദ്ധതിയുടെ പരാജയങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയിൽ ഭരണപ്രതിപക്ഷ തർക്കത്തിനും ചൂടേറിയ വാദപ്രതിവാദങ്ങൾക്കും ഇടയാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ശക്തമായ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ലൈഫ് മിഷന്‍റെ രണ്ടാം ഘട്ടം അമ്പേ പരാജയമാണെന്നും ലൈഫ് പദ്ധതി സ്തംഭിച്ചെന്നും ആരോപിച്ചായിരുന്നു പി.കെ ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലൈഫ് എന്നാൽ ജീവിതമെന്നാണെങ്കിലും കേരളത്തിൽ ലൈഫ് എന്നാൽ ‘കാത്തിരിപ്പ്’ എന്നായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിലെ സർക്കാർ അനാസ്ഥകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരംമുട്ടിയ മന്ത്രി എം.ബി രാജേഷ് വിഷയം വഴിതിരിച്ച് വിട്ടുകൊണ്ട് കെപിസിസി പ്രളയ ദുരിതാശ്വാസമായി നിർമ്മിച്ച വീടുകളുടെ എണ്ണം സംബന്ധിച്ച് പരാമർശം നടത്തിയത് ഭരണപ്രതിപക്ഷ തർക്കത്തിനും ചൂടേറിയ വാദപ്രതിവാദങ്ങൾക്കും ഇടയാക്കി. കെപിസിസി നിർമ്മിച്ച് നൽകിയ വീടുകളുടെ ജില്ല തിരിച്ചുള്ള കണക്ക് മന്ത്രിക്ക് എഴുതി നൽകാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു.
കെപിസിസി പ്രഖ്യാപിച്ചതിലുമധികം വീടുകൾ നിർമ്മിച്ച് നൽകിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഒരു പാർട്ടിയെ ഇങ്ങനെ സഭയിൽ അധിക്ഷേപിക്കാൻ മന്ത്രി ശ്രമിക്കരുതായിരുന്നു. എം.ബി രാജേഷ് പോരാളി ഷാജിയെ പോലെ തരം താണെന്ന് താൻ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ശക്തമായ പ്രതിഷേധമുയർത്തിയ ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.