‘ഗവർണർ-സർക്കാർ ഭായ് ഭായ്’; നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ച് പ്രതിപക്ഷം

Jaihind Webdesk
Monday, January 23, 2023

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവർണറും സർക്കാരും ഭായി ഭായി ആണെന്നും എല്ലാം ഒത്തുതീർപ്പാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്‍റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഗവർണർ സഭയിൽ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്.

ഗവർണർ-സർക്കാർ ഭായ് ഭായ്, കശ്മീരിലെ തേയിലക്ക് സ്വാദ് കൂടും ഒത്തുതീര്‍പ്പിന് വേഗത കൂടും, ഇടനിലക്കാര്‍ സജീവം, ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളി, ആര്‍എസ്എസ് നോമിനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി പിണറായി സര്‍ക്കാര്‍, എല്‍ഡിഎഫ്-ബിജെപി-ഗവർണർ കൂട്ടുകെട്ട് ലക്ഷ്യം എന്ത്?, സിപിഎമ്മിനും ബിജെപിക്കുമിടയിലെ പാലം ആരാണ്? എന്തിനീ ഒത്തുതീര്‍പ്പ് തുടങ്ങിയ വാചകങ്ങള്‍ ഉള്ള പ്ലക്കാര്‍ഡുകള്‍ ഉയർത്തിയായിരുന്നു പ്രതിഷേധം.

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും. തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും.  മാര്‍ച്ച് 30 വരെയാണ് സമ്മേളന കാലയളവ്.