യുവ ഡോക്ടറുടെ കൊലപാതകം; സെക്രട്ടേറിയറ്റ് മാർച്ച് നടത്തി കെഎസ്‌യു

Jaihind Webdesk
Wednesday, May 10, 2023

 

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ആഭ്യന്തര – ആരോഗ്യ വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപിച്ചാണ് കെഎസ്‌യു മാർച്ച് നടത്തിയത്.

പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാളയത്ത് നിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ ഗോപു നെയ്യാറിന്‍റെ അധ്യക്ഷതയിൽ പ്രതിഷേധ പരിപാടി കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ പലകുറി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ സാജൻ വി എഡിസൺ, അനന്തകൃഷ്ണൻ, ശരത് കുളത്തൂർ, അച്ചു സത്യദാസ്, പ്രിയങ്ക ഫിലിപ്പ്, തൗഫീക്ക് രാജൻ, പ്രതുൽ, അഷ്‌കർ, അൽ അസ്വാദ്, വൈഷ്ണ, അഭിജിത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.