ആലുവയിലെ കുഞ്ഞിന്‍റെ കൊലപാതകം; ശിക്ഷാ വിധി നവംബർ 14 ന്

Jaihind Webdesk
Thursday, November 9, 2023

 

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ശിശുദിനത്തില്‍. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിന്‍റെ വിധി നവംബർ 14 ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ പ്രതി വീണ്ടും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അഡ്വക്കറ്റ് മോഹന്‍രാജ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈ 28 നാണ് കുട്ടിയെ ആലുവ മാർക്കറ്റിനു പിന്നിൽ മാലിന്യക്കൂമ്പാരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്തു നൂറാം ദിവസമാണു പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങൾ അടക്കം 16 കുറ്റങ്ങളാണു അസ്ഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്.

അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങി നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി മദ്യം കലർത്തിയ ശീതള പാനീയം നൽകിയശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിലെ ഗാസിപൂരിൽ സമാനമായ മറ്റൊരു പീഡനക്കേസിലും അസ്ഫാക് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.