നിയമസഭയെ നോക്കുകുത്തിയാക്കി; ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത് ഒത്തുതീര്‍പ്പ് അനുസരിച്ച്; അഴിമതിവിരുദ്ധ സംവിധാനം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, February 7, 2022

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുതീർപ്പ് അനുസരിച്ചാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി.  ഓർഡിനൻസ് റദ്ദാക്കാൻ നിയമവഴികൾ തേടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

സർക്കാരിന്‍റെ നിയമവിരുദ്ധ നിലപാടുകൾക്ക് ഗവർണർ കുട പിടിക്കുകയാണ് ചെയ്തത്. ലോകായുക്തയുടെ വാ തുന്നിക്കെട്ടിയ നടപടി  വ്യാപകമായി അഴിമതി നടത്താനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കേസ് വന്നപ്പോഴാണ് ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടുമായി സർക്കാർ മുന്നോട്ടു വന്നത്. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി. ലോകായുക്തയിലെ കേസിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയം വേണ്ട. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കി അഴിമതിക്കു വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായിട്ടാകും പിണറായി വിജയൻ ഇനി അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടനിലക്കാർ ഉണ്ട്. ഇത്  ആരാണെന്ന് വഴിയേ വ്യക്തമാകും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാനുള്ള ഫയൽ രാജ് ഭവനിൽനിന്ന് സർക്കാരിന്‍റെ അംഗീകാരത്തിനായി അയച്ചെന്ന മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതൊരു കൊടുക്കൽ വാങ്ങലാണെന്ന് കരുതണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എൽഡിഎഫിന്‍റെ അഴിമതി വിരുദ്ധ മുഖത്തിനെതിരെ തുറിച്ചു നോക്കുന്നതാണ് ഓർഡിനൻസെന്ന് സിപിഐ പറഞ്ഞിട്ടുണ്ട്. നിയമസഭാ സമ്മേളനം വൈകിപ്പിച്ച് ഓർഡിനൻസ് പുറത്തിറക്കിയത് സഭയോടുള്ള അവഹേളനമാണ്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ സർക്കാരിന് അധികാരമില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചാൽ അത് കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് അയയ്ക്കാത്തതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.