ലോകായുക്ത നിയമ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കും

Jaihind Webdesk
Monday, August 22, 2022

Kerala-Niyama-sabha

 

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനിരുന്ന ബില്ലാണ് ഒരു ദിവസം നേരത്തെ കൊണ്ടുവരുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്നതാണ് ബില്‍. ഇതിന്‍റെ കരട് രേഖ പുറത്തിറക്കിയിരുന്നു.

ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിഞ്ഞിട്ട് ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങള്‍ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം മാത്രമായിരുന്നു ഇന്നത്തെ അജണ്ട. 24 ബുധനാഴ്ചയാണ് വിസി നിയമനത്തില്‍ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബില്ല് അവതരിപ്പിക്കുന്നത്. ഇതുള്‍പ്പെടെ 11 ബില്ലുകളാണ് പ്രത്യേക സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. സഭ 10 ദിവസം സമ്മേളിച്ചശേഷം സെപ്റ്റംബര്‍ 2ന് പിരിയും.