ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്‍ നിയമസഭ പാസാക്കി; ബഹിഷ്കരിച്ച് പ്രതിപക്ഷം

Jaihind Webdesk
Tuesday, December 13, 2022

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മറ്റുന്നതിനുളള സർവകലാശാല നിയമവും ഭേദഗതി ബിൽ നിയമസഭ പാസാക്കി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ
ചാൻസിലർ ആകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ക്രിയാത്മകഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് സഭ പാസാക്കിയത്. ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവണർ ഇതിൽ ഒപ്പിടുവാനുള്ള സാധ്യത കുറവാണ്.

കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിന് ലക്ഷ്യമാക്കി സർക്കാർ കൊണ്ടുവന്ന സർവകലാശാല നിയമവും ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി മന്ത്രി പി രാജി വ് 7-ാം തീയതി നിയമസഭയിൽ അവതരിപ്പിച്ച ബില്ല് സബ്ജക്ട്, സെലക്ട് കമ്മിറ്റി പരിശോധിച്ച് ഭേദഗതികളോടെയാണ് വീണ്ടും സഭയിലെത്തിയത്. ഇതോടെ എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസിലർ ആകണമെന്നും വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയോ ചാൻസിലർ ആയി പരിഗണിക്കണമെന്നുമുള്ള ക്രിയാത്മകമായ ഭേദഗതി നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവെച്ചു. തുടർന്ന് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ ആവശ്യം മുന്നോട്ടുവെച്ചു.

എന്നാൽ പ്രതിപക്ഷ ഭേദഗതികൾ നിരാകരിച്ച സർക്കാർ ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവർത്തിച്ചു. ഇതോടെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇതിനിടയിൽ സർക്കാർ സർവകലാശാല നിയമം ഭേദഗതി ബില്ല് പാസാക്കി. ബില്ലിൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.