ലൈഫ് മിഷൻ : ഇഡിയുടെ മറുപടി ചോർന്നതിൽ നിയമസഭാ സമിതിക്ക് അതൃപ്തി | VIDEO

Jaihind News Bureau
Monday, November 16, 2020

 

തിരുവനന്തപുരം :  ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി നിയമസഭയ്ക്ക് നൽകിയ മറുപടി ചോർന്നതിൽ അതൃപ്തിയുമായി നിയമസഭാ സെക്രട്ടേറിയറ്റ്. ഇ ഡിയുടെ മറുപടി പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റി ചേരാനിരിക്കെയാണ് മാധ്യമങ്ങളിലൂടെ മറുപടി ചോർന്നതിൽ നിയമസഭാ വൃത്തങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നത്.

നിയമസഭയുടെ എത്തിക്സ് കമ്മറ്റിക്ക് വേണ്ടി നിയമസഭാ സെക്രട്ടറി ഇ ഡിക്ക് നൽകിയ നോട്ടീസിന്‍റെ മറുപടി മാധ്യമങ്ങളിലൂടെ ചോർന്നതിൽ കടുത്ത അതൃപ്തിയാണ് നിയമസഭാ സെക്രട്ടേറിയറ്റിനുള്ളത്. മറുപടിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്ന ശേഷമാണ് നിയമസഭാ സെക്രട്ടറിക്ക് ഇമെയിലിൽ മറുപടി ലഭിക്കുന്നത്. എവിടെ നിന്ന് മറുപടി ചോർന്നാലും അത് സഭയോടുള്ള അവഹേളനമായി മാത്രമേ കാണാനാകൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇ.ഡിയുടെ മറുപടി ചർച്ച ചെയ്യാൻ 18നാണ് നിയമസഭയുടെ എത്തിക്സ് കമ്മറ്റി ചേരുന്നത്. മറുപടി തൃപ്തികരമെങ്കിൽ കമ്മറ്റിക്ക് തുടർ നടപടികൾ അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടറെയും പരാതിക്കാരനായ ജെയിംസ് മാത്യു എം.എൽ.എയെയും സമിതി മുമ്പാകെ വിളിച്ചു വരുത്താനുമാവും.

എം.എൽ.എയുടെ പരാതിയിൽ ഇ ഡിയോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്. എന്നാൽ ലൈഫ് പദ്ധതിയിലെ അഴിമതി മൂടിവെയ്ക്കാൻ ഇടതു സർക്കാരും സി.പി.എമ്മും നിയമസഭാ സമിതിയെ ഉപയോഗിച്ചുവെന്നും ഇത് രാഷ്ട്രീയ പ്രതിരോധവുമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ  ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ലൈഫ് പദ്ധതിയിൽ കോടികളുടെ കോഴയാരോപണം കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതോടെ സി.പി.എമ്മും സർക്കാരും കടുത്ത പ്രതിരോധത്തിലാണ്.