വഞ്ചനാദിനം ആചരിച്ച് ലത്തീന്‍ അതിരൂപത; വിഴിഞ്ഞത്തെ സെമിനാറില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, November 29, 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു. ഓഖി ദുരന്ത വാർഷിക ദിനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപത വഞ്ചനാദിനം ആചരിക്കുവാൻ തീരുമാനിച്ചത് . അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഭവനങ്ങളിലും മെഴുകുതിരി കത്തിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. വിഴിഞ്ഞത്തെ സമരപ്പന്തലിൽ പൊതുസമ്മേളനവും ചേരും. സമരത്തോട് ഇടവകാംഗങ്ങള്‍ സഹകരിക്കാന്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗം തീരുമാനം ആകാതെ പിരിഞ്ഞെങ്കിലും പ്രദേശത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തൽക്കാലം നടപടി ഉണ്ടാകില്ല. പോലീസ് മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം സീപോർട്ട് ലിമിറ്റഡിന്‍റെ തുറമുഖ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പങ്കെടുക്കില്ല. ആരോഗ്യ കാരണത്താൽ വിശ്രമത്തിലെന്നാണ് വിശദീകരണം.