ദി കേരള സ്റ്റോറിക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുത്; ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ

Jaihind Webdesk
Monday, May 1, 2023

കൊച്ചി: കേരളത്തിൻ്റെ മതേതര മനസിൽ വർഗ്ഗീയതയുടെ വിത്ത് പാകാൻ സംഘ പരിവാർ അജണ്ടയുടെ ഭാഗമായി നിർമ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമക്ക് സർക്കാർ പ്രദർശനാനുമതി നൽകരുതെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു. ലവ് ജിഹാദ് എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളം പറഞ്ഞ് കേരളത്തിൽ വേരുറപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.ഇതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സിനിമകൾ.

ഉത്തരേന്ത്യയിൽ പയറ്റി തെളിഞ്ഞ വർഗ്ഗീയത കേരളത്തിലും പയറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിന് വളം വെച്ച് നൽകുന്ന ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം കേരളത്തിൽ തടയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അനു ചാക്കോ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തെ സംശയ നിഴലിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.