പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനിടെ സിഎജിക്കെതിരായ പ്രമേയം പാസാക്കി സഭ ; അപൂർവ നടപടി

Jaihind News Bureau
Friday, January 22, 2021

 

തിരുവനന്തപുരം : കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിയുടെ പ്രമേയം പാസാക്കി. ഭരണഘടനയെ ദുർബലപ്പെടുത്തുന്ന നീക്കമെന്നും ജനാധിപത്യത്തിലെ കറുത്ത ദിനമെന്നും പ്രതിപക്ഷം പറഞ്ഞു. രാജഭരണമല്ല സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമ്മപ്പെടുത്തി. അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടിയെന്ന് ഭരണപക്ഷം.

സിഎജി റിപ്പോർട്ടിലെ കിഫ്ബിക്ക് എതിരായ പരാമർശങ്ങളെ തള്ളികൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം സഭയ്ക്കില്ല. സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പരിശോധിക്കേണ്ടത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയാണ് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഈ ബുദ്ധി പിണറായി വിജയന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ ലാവലിൻ കേസ് ഉണ്ടാവില്ലായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സിഎജി റിപ്പോർട്ട് ഉള്ളത് കൊണ്ടാണ് ലാവലിൻ കേസ് വന്നത്.
സർക്കാർ തെറ്റ് ചെയ്യുന്നു. അഴിമതിയും കൊള്ളയും മൂടിവെക്കാൻ നിയമസഭയെ ഉപയോഗിക്കുകയാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയിൽ നിന്ന് പിന്മാറണം എന്നും തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്നാണ് എം.കെ മുനീർ വിശേഷിപ്പിച്ചത്. ഇനി മുതൽ സിഎജി റിപ്പോർട്ടുകൾ നിരാകരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഇതിനേക്കാൾ നല്ലത് സിഎജിയെ പിരിച്ചു വിടണമെന്ന് പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് വേണ്ടി സിഎജി ഹാജരാക്കിയ റിപ്പോർട്ടാണോ പ്രമേയത്തിലൂടെ ഭാഗങ്ങൾ നിരാകരിച്ച റിപ്പോർട്ടാണോ പിഎസി പരിശോധിക്കേണ്ടത് എന്ന് ക്രമപ്രശ്നം വി.ഡി സതീശൻ ഉന്നയിച്ചപ്പോൾ പരിശോധിക്കാം എന്ന് സ്പീക്കർ മറുപടി നൽകി. സിഎജി റിപ്പോർട്ട് തയാറാക്കിയപ്പോൾ ധനവകുപ്പിന് സ്വാഭാവിക നീതി നൽകിയില്ല എന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രമേയത്തിലൂടെ സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും മുന്നോട്ട് പോകുമെന്ന സന്ദേശം ആണ് നൽകുന്നതെന്ന് ധനമന്ത്രി മറുപടി നൽകി.

സിഎജി റിപ്പോർട്ടിലെ 3 പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നതും പാസാക്കുന്നതും.