കുട്ടി കാനയില്‍ വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി; മാപ്പ് പറഞ്ഞ് കൊച്ചി കോര്‍പറേഷന്‍.

Jaihind Webdesk
Friday, November 18, 2022

എറണാകുളം: പനമ്പിള്ളി നഗറില്‍ മൂന്നുവയസുകാരൻ കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് കൊച്ചി കോര്‍പറേഷന്‍. കുട്ടികള്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ബാരിക്കേഡ് വെച്ചാല്‍ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് കോര്‍പറേഷന്‍ കോടതിയില്‍ മാപ്പ് പറഞ്ഞത്. നേരത്തെ കോര്‍പറേഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കൊച്ചിയിലെ ഓടകള്‍ മുഴുവന്‍ അടക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അപകടത്തിന്‍റെ  ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച കോടതി, രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണെന്നു പറഞ്ഞു. നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേൽനോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മാപ്പ് പറയുന്നുവെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് അമ്മയ്ക്കൊപ്പം മെട്രോ സ്റ്റേഷനിൽനിന്ന് വരികയായിരുന്ന കുട്ടി കാലുതെന്നി കാനയിലേക്കു വീണത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അമ്മ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണ് കുട്ടി ഒഴുകിപ്പോകാതിരുന്നത്.