ബിവറേജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൂടേയെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, July 16, 2021

 

കൊച്ചി: സംസ്ഥാനത്തെ ബിവേറജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ എണ്ണം വളരെ കുറവാണെന്നും കോടതി നിരീക്ഷിച്ചു. അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യവില്‍പ്പനശാലകളുള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ മദ്യഷോപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക് മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

ഇതിന് മറുപടിയായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തെന്നും എക്സൈസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വന്‍ തിരക്കും മണിക്കൂറുകള്‍ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‍ലെറ്റും, തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്‍ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

നേരത്തെ മദ്യക്കടകളിലെ ആള്‍ക്കൂട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോള്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ അഞ്ഞൂറിലധികം പേര്‍ വരി നില്‍ക്കുകയാണെന്നും ഹൈക്കോടതി വിമർർശിച്ചിരുന്നു