പ്രിയാ വർഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഒക്ടോബർ 20 വരെ നീട്ടി ഹൈക്കോടതി

Jaihind Webdesk
Friday, September 30, 2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ നീട്ടിയത്. അതേസമയം പ്രിയാ വർഗീസിനെതിരെ യുജിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

അധ്യാപക നിയമനത്തിന് വേണ്ടിയുള്ള അഭിമുഖത്തില്‍ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജ് അധ്യാപകന്‍ ഡോ. ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിലാണ് നടപടി. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യുജിസി കോടതിയിൽ സത്യവാങ്മൂലം നല്‍കി. യുജിസിക്ക് വേണ്ടി ഡല്‍ഹിയിലെ യുജിസി എജ്യുക്കേഷന്‍ ഓഫീസറാണ് സത്യവാങ്മൂലം നല്‍കിയത്. സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

സര്‍വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്‍റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്. ഗവേഷണകാലവും സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ കാലയളവും ഒഴിവായാല്‍ ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയാ വര്‍ഗീസിനുള്ളത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രിയാ വര്‍ഗീസിന് കോടതി സമയം അനുവദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഗവര്‍ണര്‍, സര്‍വകലാശാല, പ്രിയാ വര്‍ഗീസ്, ഹര്‍ജിക്കാരന്‍ എന്നിവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരും യുജിസിക്ക് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സിലും കോടതിയില്‍ ഹാജരായി.