അതിവേഗത്തിൽ പണം ഉണ്ടാക്കാനുള്ള ത്വര പ്രവാസികളെ ചതിക്കുഴികളിൽ കുടുക്കുന്നു ; മലയാളി ശൈലി മാറ്റണം : സാമ്പത്തിക വിദഗ്ധൻ കെ.വി ഷംസുദ്ദീൻ

Jaihind News Bureau
Thursday, July 30, 2020

ദുബായ് : അതിവേഗം പണം ഉണ്ടാക്കാനുള്ള ത്വരയാണ് പ്രവാസി മലയാളികളെ ചതിക്കുഴികളിൽ വീഴ്ത്തുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും സംരംഭകനുമായ കെ.വി ഷംസുദ്ദീൻ പറഞ്ഞു. തന്‍റെ പ്രവാസ ജീവിതത്തിന്‍റെ അമ്പതാം വാർഷികത്തിന്‍റെ ഭാഗമായി യു.എ.ഇയിലെ ഇന്ത്യക്കാരായ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുമായി നടത്തിയ വെർച്വൽ മീഡിയാ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്ത് പോലുള്ള വ്യാജവഴികളിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാനുളള പ്രവാസി മലയാളികളുടെ നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഗൾഫിലുമായി 582 ല്‍ അധികം വേദികളിൽ സൗജന്യ സമ്പാദ്യ പരിശീലന ക്ലാസുകൾ നടത്തി. കൊവിഡ് മൂലം അമ്പതോളം ഓൺലൈൻ ക്ലാസുകളും നടത്തി.

ചില ഘട്ടങ്ങളിൽ പ്രവാസികൾ ഒന്നിൽ നിന്നും പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആട്, തേക്ക്, മാഞ്ചിയം, ഗോൾഡ് കോയിൻ , ഫ്ളാറ്റ് തട്ടിപ്പ് തുടങ്ങി വിവിധ കേസുകളിൽ കുടുങ്ങി പ്രവാസികൾപ്പെട്ട് പണം നഷ്ടപ്പെടുത്തുന്നു. ഇതിന് മാറ്റം വരണം. 1970 ൽ എം.വി സർദാന എന്ന കപ്പൽ വഴിയാണ് യുഎഇയിൽ എത്തിയത്. ആരോഗ്യം അനുവദിക്കുന്ന സമയം വരെ സൗജന്യ സമ്പാദ്യ പരിശീലന ക്ലാസുകൾ തുടരുമെന്നും 74 കാരനായ കെ.വി ഷംസുദ്ദീൻ പറഞ്ഞു.