ഗവർണർ വഴങ്ങി; സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ

Jaihind Webdesk
Tuesday, January 3, 2023

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ സർക്കാരിന് വഴങ്ങി ഗവർണർ.  ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശത്തിന് വഴിയൊരുങ്ങിയത്. വിഷയത്തില്‍ ഗവർണർ വീണ്ടും നിയമോപദേശം തേടിയിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിലായിരുന്നു സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്.

ഭരണഘടനാ വിമർശന പരാമർശം നടത്തിയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ഗവർണറുടെ തീരുമാനമുണ്ടായത്. അസാധാരണ സംഭവമാണെങ്കിലും മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചതായി ഗവർണർ വ്യക്തമാക്കി. അനിശ്ചിതത്വങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ഉച്ചയോടെയാണ് ഗവർണറും സർക്കാരും ഒത്തുതീർപ്പിലേക്ക് നീങ്ങിയത്.

കഴിഞ്ഞദിവസം കശ്മീരിൽ നിന്നും തിരികെയെത്തിയ ഗവർണർ സജി ചെറിയാന്‍റെ മന്ത്രിസഭാ പ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്ന പരാമർശങ്ങളാണ് നടത്തിയത്. ഇന്ന് രാവിലെയും കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സൂചന നൽകിയ ഗവർണർ ഉച്ചയോടെ പൊടുന്നനെ നിലപാട് മയപ്പെടുത്തി സർക്കാരുമായി അനുരഞ്ജനത്തിലേക്കു നീങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച ഗവർണർ തന്‍റെ വിയോജിപ്പുകൾ മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് 12 മണിയോടെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുവാൻ അനുമതി നൽകിയത്. ഇതിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കുവാൻ എത്തിയ ഗവർണർ അസാധാരണ സാഹചര്യമാണെങ്കിലും മുഖ്യമന്ത്രിയുടെ ശുപാർശ അംഗികരിച്ച് ഭരണഘടനാപ രമായ ബാധ്യത നിറവേറ്റുന്നതായി പറഞ്ഞു. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ വിമർശന പരാമർശം നടത്തിയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ഗവർണറുടെ തീരുമാനമുണ്ടായത്. കോൺഗ്രസ് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.