ഓണക്കാലത്ത് മദ്യത്തിന് മുട്ടുണ്ടാകാതിരിക്കാന്‍ സർക്കാരിന്‍റെ ‘കരുതല്‍’: അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താന്‍ ചെറുവിരലനക്കില്ല

Jaihind Webdesk
Sunday, August 13, 2023

 

തിരുവനന്തപുരം: കേരളത്തിൽ ഓണ വിപണി ഉണരുമ്പോൾ മദ്യപന്മാരുടെ മദ്യാസക്തി മുതലെടുത്ത് കോടികൾ കൊയ്യാൻ സർക്കാർ തയാറെടുപ്പ് ആരംഭിച്ചു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ അമാന്തം കാട്ടുന്ന സർക്കാർ ഓണക്കാലത്ത് മദ്യ ദൗർലഭ്യം നേരിടാതിരിക്കാൻ ബെവ്കോ വഴിസ്റ്റോക്ക് ഉയർത്താനുള്ള നടപടികള്‍ ആരംഭിച്ചു.

മദ്യപന്മാരുടെ മദ്യാസക്തിയെ പരമാവധി ചൂഷണം ചെയ്ത് കോടികൾ കൊയ്യുക എന്ന ലക്ഷ്യത്തോടെ ഇത്തവണത്തെ ഓണം വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായിട്ടാണ് ബെവ്കോ എത്തുന്നത്. ഓണക്കാലത്ത് വിദേശമദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്റ്റോക്ക് ഉയർത്താനാണ് ബെവ്കോയുടെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണയായി സ്റ്റോക്ക് ചെയ്യുന്നതിന്‍റെ 50 ശതമാനത്തോളം അധികമായി കരുതി വെക്കാനാണ് നീക്കം. കൂടാതെ ചില്ലറ വിൽപ്പനശാലകളിലെ തിരക്ക് ഒഴിവാക്കാനുളള ക്രമീകരണങ്ങളും ബെവ്കോ ഒരുക്കുന്നുണ്ട്.

ഓണക്കാലത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി രൂപ മുതൽ 75 കോടി രൂപ വരെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ബെവ്കോയുടെ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സിന്‍റെ ജനപ്രിയ മദ്യമായ ജവാൻ റമ്മിന്‍റെ ലഭ്യത ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വിൽപ്പനശാലകളിൽ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമവും നടക്കുകയാണ്. ഇതിനായി ജവാന്‍റെ പ്രതിദിന ഉൽപ്പാദനം 8,000 കെയ്സിൽ നിന്ന് 12,000 കെയ്സായി ഇതിനോടകം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെയുള്ള ഓണക്കാലത്ത് 700.60 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. ഈ വർഷം ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 8 വരെ 6,751.81 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു കഴിഞ്ഞിട്ടുണ്ട്. ഓണം അടുക്കുന്നതോടെ മദ്യ വില്‍പ്പനയിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് വെബ്കോ കണക്ക് കൂട്ടുന്നത്. ഇത് മുൻകൂട്ടി കണ്ട് കോടികൾ കൊയ്യാനുള്ളഎല്ലാ പദ്ധതികളും വെബ് കോ നടപ്പിലാക്കുകയാണ്.

വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് ആശ്വാസം പകരാൻ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ അമാന്തം കാട്ടുന്ന സർക്കാർ മദ്യത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ ചെറുവിരൽ അനക്കാത്ത സർക്കാർ, മദ്യം ഒഴുക്കി കോടികൾ കൊയ്യാൻ കാട്ടുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.ച