വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി, ആളപായമില്ല; രക്ഷകരായത് മറ്റ് വള്ളത്തിലെത്തിയ തൊഴിലാളികള്‍

Jaihind Webdesk
Wednesday, September 1, 2021

കൊച്ചി : എറണാകുളം വൈപ്പിനിൽ നിന്നും പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്നവരെ മറ്റ് വള്ളത്തിലെത്തിയ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മുമ്പ് അപകടത്തിൽപെട്ട് കടലിൽ ഉപേക്ഷിച്ച ബോട്ടിന്‍റെ ഭാഗങ്ങളിൽ ഇടിച്ചാണ് വള്ളം മുങ്ങിയത്.

പുലർച്ചെ 4 മണിയോടെ മത്സ്യ ബന്ധനത്തിന് പോയ ഇൻ ബോർഡ് വള്ളമാണ് അപകടത്തിൽപെട്ട് മുങ്ങിയത്. 49 തൊഴിലാളികളുമായി പോയ സെന്‍റ് ആന്‍റണീസ്  കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അപകടത്തിൽപെട്ടത്. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന് ബോട്ടിന്‍റെ അവശിഷ്ടത്തിൽ വള്ളം തട്ടി തകരുകയായിരുന്നു. നിമിഷ നേരം കൊണ്ട് വള്ളം മുങ്ങിയെന്ന് രക്ഷപ്പെട്ട തൊളിലാളികൾ പറഞ്ഞു. പിന്നാലെ എത്തിയ സെന്‍റ് ഫ്രാൻസിസ് എന്ന ഇൻ ബോർഡ് വള്ളത്തിലെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി. പിന്നീട് ഇവരെ കരയിലേക്ക് എത്തിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. കപ്പൽ ചാലിൽ അപകടത്തിൽപ്പെട്ട ബോട്ട് നീക്കം ചെയ്യാത്താണ് അപകടത്തിന് ഇടയാക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. പലതവണ പോർട്ട് ട്രസ്റ്റ് അധികൃതരോട് ബോട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും തൊഴിലാളികൾ പറയുന്നു.

എന്നാൽ ബോട്ടുടമയാണ് അപകടത്തില്‍പ്പെട്ട ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കേണ്ടതെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് സെന്‍റ് ആന്‍ണീസ് എന്ന വള്ളം കടലിലിറക്കിയത്. തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് അപകടത്തിൽപ്പെട്ട വള്ളം.