പത്തനാപുരത്തെ സ്ഫോടകവസ്തു ശേഖരം: തീവ്രവാദബന്ധമുണ്ടോ എന്നതിലൂന്നി അന്വേഷണം, കേന്ദ്ര ഇന്‍റലിജന്‍സും കളത്തില്‍

Jaihind Webdesk
Tuesday, June 15, 2021

കൊല്ലം : പത്തനാപുരം പാടത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതുൾപ്പെടെ അന്വേഷണമാരംഭിച്ചു. വനാതിർത്തിയിലുള്ള മേഖലയിൽ ഏറെ കാലപ്പഴക്കം ഇല്ലാത്ത സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ളവർ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളോട് ഇതിനു സാമ്യമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന പൊലീസിന് പുറമെ കേന്ദ്ര ഇന്‍റലിജന്‍സും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

നേരത്തെ കേരള തമിഴ്നാട് വനമേഖലയിൽ ചില തീവ്രവാദ സംഘടനകളുടെ ക്യാമ്പുകൾ നടന്നതായ റിപ്പോർട്ടുകളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിപുലമായ അന്വേഷണം നടത്തുവാനാണ് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഉദ്ദേശിക്കുന്നത്. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.

വനംവകുപ്പിന്‍റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റണേറ്ററുകളും ബാറ്ററികളും ഇവ കണക്ട് ചെയ്യുന്ന വയറുകളുമാണ് കണ്ടെത്തിയത്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്. തീവ്രവാദ സ്വഭാവം സംശയിക്കുന്ന പശ്ചാത്തലത്തില്‍ ഉന്നതഉദ്യോഗസ്ഥരെത്തി അന്വേഷണസംഘം വിപുലീകരിച്ചേക്കും.