കൊല്ലം ഏരൂരില്‍ 2 വർഷം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തിയത് ; ജ്യേഷ്ഠനെ കൊന്ന് കുഴിച്ചിട്ടത് അനുജന്‍

Jaihind Webdesk
Tuesday, April 20, 2021

കൊല്ലം : അഞ്ചൽ ഏരൂരിൽ  രണ്ടര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി തെളിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ചാളുടെ അനുജൻ സജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏരൂർ സ്വദേശിയായ
കരടി ഷാജി എന്നറിയപ്പെടുന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിണറിനd സമീപം ഇയാളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ഉന്നത പോലിസുദ്യോഗസ്ഥർക്കd ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകം തെളിഞ്ഞത്. മൃതദേഹം കണ്ടെത്തുന്നതിനായി പൊലിസ് ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ നാളെ മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്ന സ്ഥലം കുഴിച്ച് പരിശോധന നടത്തും.

2018 ലെ ഓണക്കാലത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018 ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്.  സജിന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്ന് ഷാജി പീറ്ററുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാള്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവര്‍ഷത്തോളം കൊലപാതകവിവരം ഇവര്‍ രഹസ്യമാക്കി വെച്ചു. അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ശരിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. നാളെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പരിശോധന നടത്തിയതിന് ശേഷമേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുകയുള്ളൂ.  സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.