ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ 26 ന് കൊടിയേറും : ഇത്തവണ മേള 38 ദിവസം ; 12 മണിക്കൂര്‍ ഫ്‌ളാഷ് വില്‍പന

Elvis Chummar
Tuesday, December 10, 2019

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യാപാര ഉത്സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്  ഈ മാസം 26 ന് കൊടിയേറും. ഇത്തവണ ഇരുപത്തിയഞ്ചാമത് അധ്യായത്തിന് കൂടിയാണ് തുടക്കമാകുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 12 മണിക്കൂര്‍ ഫ്‌ളാഷ് വില്‍പനയും നടക്കും.

2019 ഡിസംബര്‍ 26 ന് ആരംഭിച്ച് 2020 ഫെബ്രുവരി 1 വരെ നീണ്ടു നില്‍ക്കുന്നതാണ് ആഘോഷം. ആകര്‍ഷകമായ വന്‍ ഓഫറുകളുമായാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഇരുപത്തിയഞ്ചാമത് അധ്യായത്തിന്‍റെ, പ്രഖ്യാപനം നടന്നത്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് എന്ന ഡി.എഫ്.ആര്‍.ഇ ആണ് മേളയുടെ സംഘാടകര്‍. ഇത്തവണ, ഇരുപത്തിയഞ്ചാം പതിപ്പ് ആയതിനാല്‍ നഗരം മുഴുവന്‍ ഒന്നിച്ച് അതിന്‍റെ ഏറ്റവും മികച്ചത് സൃഷ്ടിക്കാനുള്ള, തയാറെടുപ്പിലാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബായ് ഫ്രെയിമില്‍ നടന്ന ചടങ്ങില്‍ ഇത്തവണത്തെ ഡി.എസ്.എഫ് കലണ്ടര്‍ പ്രഖ്യാപിച്ചു.

ഇത്തവണ 38 ദിവസം നീളുന്നതാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആഘോഷം. വിവിധ കലാപരിപാടികളും മികച്ച ആദായ വില്‍പനകളും ഗംഭീര കരിമരുന്ന് പ്രകടനവും അഘോഷങ്ങളുടെ ഭാഗമായി നടക്കും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1996 ലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ടത്. ഇപ്രകാരം മികച്ച ഓഫറുകള്‍ക്കും ആദായ വില്‍പനകള്‍ക്കും പേരുകേട്ട ഈ ഉത്സവത്തിന് ഈ വര്‍ഷം 12 മണിക്കൂര്‍ നീളുന്ന ഫ്‌ളാഷ് വില്‍പനയും ഉണ്ടാകും. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്‍റര്‍ മിര്‍ദിഫ്, സിറ്റി സെന്‍റര്‍ ദെയ്റ, സിറ്റി സെന്‍റര്‍ മെയ്സെം, മൈ സിറ്റി സെന്‍റര്‍ ബര്‍ഷ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. കൂടാതെ, തിരഞ്ഞെടുത്ത ഷോപ്പിംഗ് മാളുകളില്‍ 12 മണിക്കൂര്‍ വില്‍പനകളും നടക്കും.