മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാം അറിഞ്ഞിരുന്നു : സ്വർണ്ണക്കടത്തിൽ ഇഡിക്ക് സ്വപ്നയുടെ മൊഴി

Jaihind News Bureau
Monday, March 29, 2021

കൊച്ചി : ഇടതുസർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും ടീമും ചെയ്യുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്ന് സ്വപ്ന പറയുന്നു. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരവും സ്വാധീനവുമുള്ള വ്യക്തികളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കറും സി.എം രവീന്ദ്രനും. താൻ ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും രവീന്ദ്രന്‍റെയും അറിവോടെയാണെന്ന് ഒരിക്കൽ ശിവശങ്കർ പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണവും ഇലക്ട്രോണിക് സാധനങ്ങളും കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിന്‍റെ ടീമിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, റെസി ജോർജ് എന്നിവരാണ് ഈ ടീം എന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നൽകി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കാൻ എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഈ മൊഴി ഉൾപ്പെടെയുള്ള രേഖകൾ കോടതിക്ക് കൈമാറിയത്.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ പേട്ടയിലെ ഫ്ലാറ്റിലേക്കു സ്വപ്നയെ ക്ഷണിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച മൊഴിയിലുണ്ട്. മറ്റൊരാളുടെ പേരിലാണെങ്കിലും ഫ്ലാറ്റ് സ്വന്തമാണെന്നു സ്പീക്കർ പറഞ്ഞിട്ടുണ്ട്. തന്നെ ക്ഷണിക്കുമ്പോൾ അവിടം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാണ് ഇതു പറഞ്ഞത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുമ്പോൾ 2020 ഡിസംബർ 16ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ഈ മൊഴി ഉൾപ്പെടെയുള്ള രേഖകളാണ് ഇഡി കോടതിയില്‍ സമർപ്പിച്ചത്.