‘നികുതി കൊള്ള പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് പിടിവാശി, സർക്കാരിന് ധാർഷ്ട്യം’; സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, February 8, 2023

 

തിരുവനന്തപുരം: നികുതി കൊള്ള പിൻവലിക്കാതെ സംസ്ഥാന സർക്കാർ. ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതി നിർദേശവും പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തീരുമാനം സർക്കാരിന്‍റെ ധാർഷ്ട്യവും അഹങ്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് അന്യായ നികുതി കൊള്ള പിൻവലിക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്നുദിവസമായി നടന്നുവന്ന ബജറ്റിന്മേലുള്ള പൊതു ചർച്ചയ്ക്ക് മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ ബാലാഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതി നിർദേശവും പിൻവലിക്കില്ലെന്ന് സഭയിൽ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധമുയർത്തി സഭാനടപടികൾ ബഹിഷ്കരിച്ചു. തീരുമാനം സർക്കാരിന്‍റെ ധാർഷ്ട്യവും അഹങ്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. വിനാശകരമായ ബജറ്റാണ് അവതരിപ്പിച്ചത്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കേരളത്തിന്‍റെ താളം തെറ്റിക്കുന്ന ബജറ്റിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ ഈ മാസം 13, 14 തീയതികളിൽ ജില്ലകളിൽ രാപകൽ സമരം നടത്തും. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് അന്യായ നികുതി കൊള്ള പിൻവലിക്കാത്തതിന് കാരണം. നികുതി അരാജകത്വമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. നികുതി പിരിച്ചെടുക്കാത്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമായത് 25,000 കോടിയാണ്. സർക്കാർ വരുത്തി വെച്ചതാണ് ധന പ്രതിസന്ധിയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.

നികുതി കൊള്ളയിലൂടെ സർക്കാർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. നിയമസഭയിൽ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 4,000 കോടി രൂപയുടെ അധിക നികുതി ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ജനദ്രോഹ ബജറ്റിലെ ഒരു നികുതി നിർദേശവും പിൻവലിക്കാതെ സർക്കാർ ജനങ്ങളോട് കാട്ടിയ യുദ്ധപ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.