‘ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്; ഒന്നും ഒളിക്കാനില്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്തിന്?’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, February 15, 2023

കൊച്ചി: ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മൂടിവെച്ച അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. “എന്തിനുവേണ്ടിയാണ് ജനങ്ങളുടെ നികുതി പണം എടുത്ത് സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്തുന്നത്? സർക്കാറിന്‍റെ കൈകൾ ശുദ്ധമെങ്കിൽ സി.ബി.ഐ അന്വേഷണത്തെ എന്തിന് ഭയക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം” – വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ ഭാഗമായി അന്വേഷണം മന്ദഗതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും ഇല്ലാത്ത സുരക്ഷ ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോകുന്ന വഴിയിലുള്ളവരെ കരുതൽ തടങ്കലിലാക്കാൻ പോലീസിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നികുതിക്കൊള്ളക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വി.ഡി സതീശന്‍.