വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച

Jaihind Webdesk
Sunday, August 8, 2021

 

ഇടുക്കി : വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വണ്ടിപ്പെരിയാർ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. തെളിവ് ശേഖരണവും അന്വേഷണവും പൂർത്തിയായതോടെ അന്തിമ കുറ്റപത്രം വണ്ടിപ്പെരിയാർ പൊലീസ് പോക്സോ കോടതിയിൽ സമർപ്പിക്കും. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി അർജുൻ മുട്ടത്തെ ജില്ലാ ജയിലിൽ റിമാന്‍റിൽ കഴിയുകയാണ്.

ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ ആകെ 36 സാക്ഷികളാണുള്ളത്. കുട്ടിക്ക് നല്‍കാന്‍ പ്രതി പതിവായി മുട്ടായി വാങ്ങിയിരുന്ന കടക്കാരനും പ്രധാന സാക്ഷികളില്‍ ഒരാളാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനുമാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 30 നാണ് ചുരക്കുളം എസ്റ്റേറ്റിലെ ലയത്തിനുള്ളില്‍ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയാവുകയും മരിച്ചെന്ന് കരുതി പ്രതി കുട്ടിയെ കെട്ടിത്തൂക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.