‘മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥ’;  സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

Jaihind Webdesk
Friday, May 28, 2021

തിരുവനന്തപുരം : വിഴിഞ്ഞത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടപകടത്തില്‍ മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്ന് സഭ കുറ്റപ്പെടുത്തി.

അപകടം നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് പോലും വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി മൈക്കിൾ തോമസ് ആരോപിച്ചു. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരി​ഗണിച്ചില്ലെന്നും അത് നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകൾ നഷ്ടമായതെന്നും സഭ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വദേശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കടലാക്രമണത്തിന്‍റെ ആഘാതം കൂട്ടിയതെന്ന് നാട്ടുകാരും പറയുന്നു. പഴയ ഹാര്‍ബറിലെ പുലിമുട്ടിന് സമീപത്തായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള പുലിമുട്ടുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് പഴയ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് പോകുന്നതിനും തിരികെ ഹാര്‍ബറിലേക്ക് പ്രവേശിക്കുന്നതിനുള്ള കവാടം ചുരുങ്ങിയതായി മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. കനത്ത മഴയ്ക്കും കടല്‍ക്ഷോഭത്തിനുമിടെ ബോട്ടുകള്‍ ഹാര്‍ബറിലേക്ക് കയറുന്നതിനിടെ പുലിമുട്ടിലെ കവാടത്തില്‍ വച്ച് മണല്‍ത്തിട്ടയിലിടിച്ച് മറിയുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.