അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിനായകന് നോട്ടീസ് അയക്കും

Jaihind Webdesk
Saturday, July 22, 2023

 

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടൻ വിനായകനെതിരെ നടപടിയുമായി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ അന്വേഷണ സംഘം വിനായകന് നോട്ടീസ് അയക്കും.  ഏഴ് ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെടുക. കോണ്‍ഗ്രസ് പ്രവർത്തകരുടെ പരാതിയില്‍ എറണാകുളം നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. താരസംഘടനയില്‍ അംഗമല്ലാത്തതിനാല്‍ വിലക്ക് പോലുള്ള നടപടികളിലേക്ക് നീങ്ങാനാകില്ല. വിനായകന്‍റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണെന്നും പോലീസ് അറിയിച്ചു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിനായകന്‍ പോസ്റ്റ് വലിച്ചിരുന്നു.

ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സനല്‍ നെടിയതറ എന്നിവരാണ് വിനായകനെതിരെ സെൻട്രല്‍ എസിപി സി ജയകുമാറിനും എറണാകുളം നോര്‍ത്ത് സ്റ്റേഷൻ ഇൻസ്പെക്ടര്‍ക്കും പരാതിനല്‍കിയത്. ഇതിനുപുറമേ നാലു പരാതികള്‍കൂടി ലഭിച്ചിരുന്നു.