ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Jaihind Webdesk
Wednesday, November 30, 2022

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ ബില്‍ അവതരിപ്പിക്കും. ഗവർണർ സർക്കാർ പോര് രൂക്ഷമായതോടെയാണ് സർക്കാർ, ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുവാനുള്ള ബില്ല് കൊണ്ടുവരുന്നത്.

കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്ന കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. സമാന സ്വഭാവം ഉള്ള സർവകലാശാലകൾക്ക് ഒരു ചാൻസിലർ എന്ന രീതിയിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത് . ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസിലർ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേക ചാൻസിലർ ഉണ്ടാകും. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാൻ സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നായിരിക്കും ചിലവ് കണ്ടെത്തുക.

ഗവർണർ-സർക്കാർ പോര് രൂക്ഷമായതോടെയാണ് ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുവാനുള്ള ബില്ല് സർക്കാർ കൊണ്ടുവരുന്നത്. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സർക്കാർ നേരത്തെ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ ഗവർണർ ഇതിൽ ഒപ്പിട്ടിരുന്നില്ല. ഇതിനിടയിലാണ് സർക്കാർ നിയമസഭാ സമ്മേളനം ചേരുവാൻ തീരുമാനിച്ചത്. ഇതോടെ ഓർഡിനൻസ് അപ്രസക്തമായി. നിയമസഭയിൽ ബില്ല് പാസായാലും ഗവർണർ ഒപ്പിടേണ്ടതുണ്ട്. തനിക്കെതിരെയുള്ള ബില്ലിൽ ഗവർണർ ഒപ്പിടുവാനുള്ള സാധ്യത കുറവാണ്. തനിക്ക് എതിരെയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് സ്വീകരിച്ച ഗവർണർ ബില്ലിലും ഇത് ആവർത്തിക്കുവാനാണ് സാധ്യത. അങ്ങനെയെങ്കിൽ
രാഷ്ട്രപതിയുടെ തീരുമാനം വൈകാൻ ഏറെ സാധ്യതയുണ്ട്. ഇതിനിടയിൽ വിവിധ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ നിയമ വഴികൾ തേടുവാനും തയാറെടുക്കുകയാണ്.