തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിക്കെതിരെ ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍

Jaihind Webdesk
Tuesday, February 15, 2022

 

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്‍റെ ഹര്‍ജിക്കെതിരേ ആക്രമണത്തിനിരയായ നടി രംഗത്ത്. ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് നടി കോടതിയെ അറിയിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്ന വാദവുമായാണ് ഹൈക്കോടതിയില്‍ തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് തന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്.

അതേസമയം 2017 ല്‍ തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ കീഴ്ക്കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന നടിയുടെ പരാതിയില്‍ കേരള ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ചോര്‍ച്ചയില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി ഫെബ്രുവരി 6 ന് നടി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ഇരയെന്ന നിലയില്‍ തന്‍റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും അവര്‍ കത്തിന്‍റെ പകര്‍പ്പ് അയച്ചു.

തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും, ദൃശ്യങ്ങള്‍ ചോര്‍ന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും നടി കത്തില്‍ പറഞ്ഞിരുന്നു. എറണാകുളത്തെ ജില്ലാ കോടതിയില്‍ നിന്നാണ് ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തായതെന്ന് സംശയിക്കുന്നു. പിന്നീട് സംസ്ഥാന ഫൊറന്‍സിക് വിഭാഗവും ചോര്‍ച്ച സ്ഥിരീകരിച്ചു. ഹൈക്കോടതി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കും.