ലൈംഗികാതിക്രമം; മ്യൂസിയത്തിലും കുറവന്‍കോണത്തും പ്രതി എത്തിയത് സർക്കാർ വാഹനത്തില്‍

Jaihind Webdesk
Wednesday, November 2, 2022

 

തിരുവനന്തപുരം: മ്യൂസിയം, കുറവന്‍കോണം അതിക്രമങ്ങളിലെ പ്രതി ഇരുസ്ഥലങ്ങളിലും എത്തിയത് സ്റ്റേറ്റ് കാറില്‍. മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ഡ്രൈവർ സന്തോഷാണ് ഇരു സംഭവങ്ങളിലെയും പ്രതി. കഴിഞ്ഞ ബുധനാഴ്ച മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതും പിന്നാലെ കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയതും ഇയാള്‍ തന്നെയാണെന്നത് വ്യക്തമായി.

അറസ്റ്റിലായതിന് പിന്നാലെ സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയത് ഔദ്യോഗിക വാഹനമാണെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. തലസ്ഥാന നഗരിയില്‍ പോലീസിന്‍റെ ശക്തമായ നിരീക്ഷണത്തിലുള്ള പ്രദേശത്ത് നടന്ന കുറ്റകൃത്യത്തിലെ പ്രതിയെ കണ്ടെത്താന്‍ ഒരാഴ്ചയാണ് വേണ്ടിവന്നത്. മന്ത്രിയുടെ പേഴ്ണല്‍ സ്റ്റാഫിന്‍റെ ഡ്രൈവറായ . പ്രതി എത്തിയതാകട്ടെ ഔദ്യോഗികവാഹനത്തിലും. ഇതോടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെയും അവരുടെ സ്റ്റാഫുകളുടെയും ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ വീണ്ടും ചർച്ചയാവുകയാണ്. നിസാരമായ ന്യായീകരണങ്ങളിലൂടെ സംഭവത്തിന്‍റെ ഗൗരവത്തില്‍ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടന്നത്. പോലീസിന്‍റെ മൂക്കിന് കീഴില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് വലിയ ക്ഷീണം ഉണ്ടാക്കി. പിന്നാലെ കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവവും ഉണ്ടായി. കുറവന്‍കോണം സംഭവത്തിലെ പ്രതി തന്നെയാണ് തന്നെയും ആക്രമിച്ചതെന്ന് ദൃശ്യങ്ങള്‍ കണ്ട് യുവതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പ്രതിയെ നേരിട്ട് കണ്ട് പരാതിക്കാരി ഇക്കാര്യം സ്ഥിരീകരിച്ചതോടെ രണ്ട് സംഭവങ്ങളിലേയും പ്രതി സന്തോഷ് തന്നെ എന്നത് വ്യക്തമാവുകയായിരുന്നു.