സ്വർണ്ണക്കടത്ത് പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് അടുത്ത ബന്ധം ; ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യ സന്ദര്‍ശകനെന്ന് അയല്‍വാസികള്‍ | Video

Jaihind News Bureau
Monday, July 6, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആർ ശിവശങ്കറിന് സ്വർണക്കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധം. പ്രതികളായ സരിത്തും സ്വപ്നയും ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രം ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതേസമയം ആർ ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നെന്ന് അയല്‍വാസികളും ഫ്ലാറ്റിലെ സെക്യൂരിറ്റിയും ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മുടവന്‍മുഗളിലുള്ള സ്വപ്നയുടെ ഫ്ലാറ്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കറും സംഘവും നിത്യസന്ദർശകരായിരുന്നുവെന്ന് അയല്‍വാസികളും സെക്യൂരിറ്റി ജീവനക്കാരനും പറയുന്നു. ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഘവും എത്തിയിരുന്നത്. ശിവശങ്കറിനൊപ്പം മറ്റ് ആള്‍ക്കാരും ഉണ്ടാകുമെന്നും രാത്രി വളരെ വൈകിയാണ് ഇവർ തിരിച്ചുപോയിരുന്നതെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സംഘത്തിന്‍റെയും  അസമയത്തെ വരവും പോക്കും സെക്യൂരിറ്റി ജീവനക്കാർക്കും മറ്റ് താമസക്കാര്‍ക്കും തലവേദനയായിരുന്നതായും വ്യക്തമായി.

 

 

 

തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണം ഐ.ടി വകുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷും, യു.എ.ഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്തും ഐ.ടി സെക്രട്ടറിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നത്. നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പിടിയിലാണ് സരിത്ത്.

അതേസമയം സ്വർണ്ണക്കടത്ത് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം പുറത്തായതോടെ ഐ.ടി വകുപ്പില്‍ നിന്ന് സ്വപ്നയെ പിരിച്ചുവിട്ടു. എന്നാലിത് മുഖം രക്ഷിക്കല്‍ നടപടിയാണെന്നാണ് ഉയരുന്ന ആക്ഷേപം. കരാർ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പേസ് പാർക്കിന്‍റെ ചുമതലയായിരുന്നു ഇവർക്ക് നൽകിയിരുന്നത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും തസ്തികയില്‍ തുടരുകയായിരുന്നു സ്വപ്നയെയാണ് ഇപ്പോള്‍ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്.