തീവ്രവാദ പരാമർശം; ആന്‍റണി രാജുവിന്‍റെ സഹോദരന്‍റെ മറുപടി സർക്കാരിന് കിട്ടിയ അടിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, December 2, 2022

കൊച്ചി: വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ തീവ്രവാദികളായി ചിത്രീകരിച്ചതിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍ നല്‍കിയ മറുപടി സർക്കാറിന് കിട്ടിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിഴിഞ്ഞത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമരക്കാരോട് മുഖ്യമന്ത്രി ചർച്ച നടത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിമന്‍റ് ഗോഡൗണിൽ നാല് വർഷമായി കഴിയുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണം. മന്ത്രിമാർ എന്തടിസ്ഥാനത്തിലാണ് സമരങ്ങൾക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്‍റലിജന്‍സ് റിപ്പോർട്ട് ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയാറാകണം. മോദിയും സമരങ്ങൾക്കെതിരെ തീവ്രവാദ ചാപ്പയാണ് ചുമത്താറുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. സമരം ചെയ്യുന്നവരോട് സംസാരിക്കില്ല എന്ന് മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ഇവിടെ രാജഭരണമാണോ എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ചോദിച്ചു.