വി.സി മാര്‍ക്ക് താത്കാലിക ആശ്വാസം; അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, November 8, 2022

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നല്‍കിയ നോട്ടീസിന് എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണ്ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.ഗവര്‍ണ്ണറുടെ മുന്നില്‍ പേഴ്‌സണല്‍ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.എന്നാല്‍ തനിക്ക് പോകാന്‍ താല്പര്യം ഇല്ലെന്ന് കണ്ണൂര്‍ വിസി അറിയിച്ചു.

ക്രിമിനല്‍ എന്ന് ഗവര്‍ണര്‍ വിളിച്ചെന്ന് വിസിമാരുടെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കോടതിയ്ക്ക് പുറത്ത് പറഞ്ഞാല്‍ മതിയെന്ന് വ്യക്തമാക്കിയ കോടതി, പരസ്പരം ചെളി വാരി എറിയാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന് പരാമര്‍ശിച്ചു.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.