ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്ക്; സിനിമയില്‍ നിന്ന് മാറ്റി നിർത്താന്‍ നിർമാതാക്കളുടെ സംഘടന

Jaihind Webdesk
Tuesday, September 27, 2022

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. ഇനി ആവർത്തിക്കില്ലെന്ന് അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുകയാണെന്നും നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു.

കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരട് പൊലീസ് നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പുതിയ സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടൻ അപമാനിച്ചെന്ന് കാട്ടി അവതാരക സംസ്ഥാന വനിതാ കമ്മീഷനിലും ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. അഭിമുഖത്തിന്‍റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഭിമുഖത്തിന്‍റെ മുഴുവന്‍ വീഡിയോ കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടന്‍റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധനയ്ക്കയച്ചത്.