‘യാതൊരു ദിശാബോധവുമില്ലാത്ത ബജറ്റ്, കേരളത്തിന്‍റെ സമ്പദ്ഘടന തകർക്കുന്ന നികുതി നിർദേശങ്ങള്‍’

Jaihind Webdesk
Wednesday, February 8, 2023

 

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം:

കേരള ചരിത്രത്തില്‍ ദീര്‍ഘവീക്ഷണമോ ദിശാബോധമോ ഇല്ലാത്തൊരു ബജറ്റാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. സാമൂഹിക സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്തി വേണം ബജറ്റ് തയാറാക്കേണ്ടത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്‍റെ സമ്പദ് ഘടന തകർക്കും. സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ടാണ് ഇത്രയവും വലിയ നികുതി ഏര്‍പ്പെടുത്തിയതെന്നാണ് മന്ത്രി പറയുന്നത്. നികുതി പരിവിലുണ്ടായ ദയനീയ പരാജയമാണ് സംസ്ഥാനത്തെ പ്രതിസന്ധയിലാക്കിയത്.

വാറ്റ് കാലഘട്ടത്തിലെ നികുതിവളര്‍ച്ച നിരക്കും ജി.എസ്.ടി. കാലഘട്ടത്തിലെ നികുതി വളര്‍ച്ച നിരക്കും തമ്മില്‍ താരതമ്യം ചെയ്താല്‍ മാത്രം മതി നികുതി പിരിച്ചെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെന്നു മനസിലാക്കാന്‍. 2012-13 ല്‍ നികുതി വളര്‍ച്ചനിരക്ക് 24 ശതമാനമായിരുന്നു. 2014-15 ല്‍ 8 ശതമാനമായി കുറഞ്ഞതൊഴിച്ചാല്‍ വാറ്റ്കാലഘട്ടത്തിലെ നികുതി വളര്‍ച്ച ശരാശരി 13 ശതമാനമായിരുന്നു. ജി.എസ്.ടിയില്‍ കേരളം ഒന്നാമതാകേണ്ടതായിരുന്നു. 30 ശതമാനത്തില്‍ അധികം നികുതി വര്‍ധനവ് സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ നികുതി വളര്‍ച്ച നെഗറ്റീവ് 4.9 (4.9%) വരെ കൂപ്പുകുത്തി. ജി.എസ്.ടിക്ക് അനുയോജ്യമായി നികുതി ഭരണം ഉണ്ടാക്കണമെന്ന് നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ ലഭിക്കുമല്ലോ എന്നാണ് അന്ന് പറഞ്ഞിരുന്നത്. കോമ്പന്‍സേഷന്‍ ഒരിക്കല്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷം നല്‍കി. അതിപ്പോള്‍ സംഭവിച്ചിരിക്കുകയാണ്.

ജി.എസ്.ടി ഇനത്തില്‍ വരുമാനം ലഭിക്കുന്നത് എസ്.ജി.എസ്.ടി , ഐ.ജി.എസ്.ടി എന്നീ ഇനങ്ങളിലാണ്. സംസ്ഥാത്തിനകത്തു നടക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വില്‍പ്പന/സേവനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ജി.എസ്.ടി സംസ്ഥാനത്തിന് ലഭിക്കുന്നത്. എന്നാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനാന്തര വിതരണത്തിന് ഐജിഎസ്ടി ഈടാക്കുന്നു. കേന്ദ്രം പിരിക്കുന്ന ഐ.ജി.എസ്.ടി തുക ഐ.ജി.എസ്.ടി പൂളിലേക്കാണ് പോകുന്നത്. പൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക തിരിച്ചു നല്‍കുന്നു. ഐ.ജി.എസ്.ടിയില്‍ നിന്നും അര്‍ഹമായ തുക നേടിയെടുക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.

ഐ.ജി.എസ്.ടി പൂളില്‍ നിന്നും സംസ്ഥാനത്തിന് തുക ലഭിക്കുന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. ഒന്ന് എസ്.ജി.എസ്.ടി ബാധ്യത ഐ.ജി.എസ്.ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ചുകൊണ്ട് സെറ്റ് ഓഫ് ചെയ്താല്‍ സംസ്ഥാനത്തിന് ഐ.ജി.എസ്.ടി ലഭിക്കും. ഉദാഹരണത്തിന് ഒരു കാര്‍ ഡീലര്‍ ഹരിയാനയില്‍ നിന്നും കാറുകള്‍ വാങ്ങി കേരളത്തിലേക്ക് വില്‍ക്കാന്‍ കൊണ്ടുവന്നു. കേരളത്തിലെ ഡീലറില്‍ നിന്നും ഈടാക്കിയ ജി.എസ്.ടി തുക ഹരിയാനയിലെ കമ്പനി ഐ.ജി.എസ്.ടിയായി ഐ.ജി.എസ്.ടി പൂളിലേക്ക് അടയ്ക്കും. ഈ അടച്ച ഐ.ജി.എസ്.ടി തുക സംസ്ഥാനത്തെ ഡീലറിന് കാര്‍ വില്‍ക്കുമ്പോള്‍ അടയ്ക്കേണ്ട എസ്.ജി.എസ്.ടിയുമായി സെറ്റോഫ് ചെയ്യാം. അങ്ങിനെ സെറ്റോഫ് ചെയ്യുമ്പോള്‍ കേന്ദ്രം ഐ.ജി.എസ്.ടി പൂളില്‍ നിന്നും തത്തുല്യമായ തുക കേരളത്തിന് നല്‍കും. ഐ.ജി.എസ്.ടി വാങ്ങിയെടുക്കുന്നതിലും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായി.

രണ്ടാമതായി ജി.എസ്.ടി പരിധിയില്‍ വരാത്ത ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയില്ലാത്ത ഡീലര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുകയോ , മറ്റു സംസ്ഥാനത്തില്‍ നിന്നും വാങ്ങിയ ഉപകരണം ഉപയോഗിച്ച് കൊണ്ട് നികുതി ഇല്ലാത്ത സാധനം ഉണ്ടാക്കി വില്‍ക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് ഐ ജി എസ് ടിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയില്ലാത്തതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഭൂരിഭാഗം പേരും ഈ വില്‍പ്പന വെളിപ്പെടുത്താറില്ല. ഇങ്ങനെയുള്ള ക്രയവിക്രയങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെടല്‍ നടത്തണമായിരുന്നു.

അന്യസംസ്ഥാനത്തു നിന്നും സാധനങ്ങള്‍ ഉപഭോക്താവ് വാങ്ങി കേരളത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെയും നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. ഇത് തടയണമെങ്കില്‍ പരിശോധനകള്‍ ശക്തമാക്കണം. എന്നാല്‍ അതുണ്ടാകുന്നില്ല. 2017 -ല്‍ രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയപ്പോള്‍ സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കി പകരം ഓട്ടോമാറ്റിക് ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും അത് നിശ്ചലമായിട്ട് മാസങ്ങളായി. 28 ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങള്‍ വരെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് കേരളത്തില്‍ വില്‍ക്കുകയാണ്. സ്വര്‍ണത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വര്‍ണത്തില്‍ വ്യാപകമായ കള്ളക്കച്ചവടം നടക്കുകയാണ്.

ബാറുകളില്‍ നിന്നും ലഭിക്കുന്ന ടേണ്‍ ഓവര്‍ നികുതി പത്ത് ശതമാനമാണ്. 2019- 20 ല്‍ 603 കോടിയും 2021-22 ല്‍ കിട്ടിയത് 107 കോടി രൂപയുമാണ്. ബാറിന്റെ എണ്ണം കൂടിയിട്ടും നികുതി കുറഞ്ഞു. പരിശോധന ഇല്ലാത്തതാണ് കാരണം.

കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി വലിയൊരു തുക കിട്ടി. ജി.എസ്.ടി കോമ്പന്‍സേഷനും കൃത്യമായി കിട്ടി.

പറ്റാവുന്നടുത്തോളം മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാമൂഹിക സുരക്ഷാ ഫണ്ടിന് വേണ്ടിയാണ് മദ്യത്തിന്റെ നികുതി കൂട്ടിയത്. 251 ശതമാനം നികുതി ഇപ്പോള്‍ തന്നെയുണ്ട്. നികുതി കൂട്ടിയാല്‍ ഉപഭേഗം കുറയില്ല. വില വല്ലാതെ കൂട്ടിയാല്‍ അത് മയക്ക് മരുന്നിലേക്ക് നയിക്കും. ഇന്ധന സെസ് വര്‍ധിപ്പിക്കുന്നത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി കൂട്ടിയത്. ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ധന വിലയിലൂടെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 500 കോടി ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് 5000 കോടിയുടെ അധിക വരുമാനമുണ്ടായി. സെസിലൂടെ ആറായിരം കോടി രൂപയും കിട്ടി. എന്നിട്ടും ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉചിതമല്ല.

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നത് ക്രയവിക്രയം കുറയ്ക്കും. അത് നികുതി വരുമാനത്തില്‍ കുറവുണ്ടാക്കും. മാന്ദ്യത്തിന് സമാനമായ കാലത്ത് ബജറ്റിലൂടെ വിപണിയെ ഉത്തേജിപ്പിക്കാനാകാണം. എന്നാല്‍ വിപണി കെട്ടു പോകുന്ന തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കിഫ്ബിയുടെ പ്രസക്തിയും നഷ്ടമായിരിക്കുകയാണ്. വിരമിച്ചവരെ സംരക്ഷിക്കാനുള്ള വെള്ളാനയായി കിഫ്ബിയെ ഇനിയും പോറ്റുന്നത് എന്തിനാണ്?