ജലീലിന്‍റെ വാദം തെറ്റ്; തെളിവുകളുണ്ട്, എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും: സ്വപ്നാ സുരേഷ്

Jaihind Webdesk
Friday, July 22, 2022

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. തന്‍റെ സത്യവാങ്മൂലം സ്വർണ്ണക്കടത്തില്‍ കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ല. ജലീലും കോണ്‍സുല്‍ ജനറലും തമ്മിലുള്ള ഇടപാട് ഇഡിയെ അറിയിച്ചിട്ടുണ്ട്. ജലീലിനെ പൂർണ്ണമായും തള്ളിയ സ്വപ്ന ശിവശങ്കറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്നും ആവർത്തിച്ചു.

എന്‍ഐഎയ്ക്ക് നല്‍കിയ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും സ്വപ്ന ആരോപിച്ചു. തെളിവുകള്‍ വീണ്ടെടുക്കാനുളള ശ്രമം നടത്തുന്നു. സ്പേസ് പാർക്കില്‍ തനിക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണ്. സ്പേസ് പാർക്കില്‍ ജോലി ചെയ്യുമ്പോഴാണ് ജലീല്‍ കോണ്‍സുല്‍ ജനറലിനായി മെയില്‍ അയക്കുന്നത്. എന്നാല്‍ കത്തിലെ ഇംഗ്ലീഷ് മോശമായതിനാല്‍ തിരുത്തിയാണ് അയച്ചതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമം ദിനപത്രത്തെ നിരോധിക്കാനായി ജലീല്‍ നിരന്തരം ആവശ്യം ഉന്നയിച്ചതായി സ്വപ്ന ആവർത്തിച്ചു. ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഒന്നും മറച്ചുവെക്കാനാവില്ലെന്നും എല്ലാത്തിനും മറുപടി പറേയണ്ടി വരുമെന്നും സ്വപ്ന പറഞ്ഞു.