സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം, മുഖ്യമന്ത്രിയുമായും പരിചയം; എന്‍ഐഎ കോടതിയില്‍

Jaihind News Bureau
Thursday, August 6, 2020

 

കൊച്ചി: നയതന്ത്രചാനല്‍വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ഉണ്ടായിരുന്നുവെന്ന്   എന്‍ഐഎ. മുഖ്യമന്ത്രിയുമായും സ്വപ്നയ്ക്ക് പരിചയമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശിവശങ്കറുമായും സ്വപ്നക്ക് അടുത്ത ബന്ധം. ശിവശങ്കറുമായുള്ള ബന്ധം വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടാക്കി.  യുഎഇ കോണ്‍സുലേറ്റിലും സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ ജാമ്യഹര്‍ജി എതിർത്താണ് എന്‍ഐഎയുടെ വാദം.

സ്വർണ്ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കർ ഇടപെട്ടാണ്. ശിവശങ്കറില്‍ നിന്നും സ്വപ്ന ഉപദേശം സ്വീകരിച്ചിരുന്നുവെന്നും എന്‍ഐഎയെ കോടതിയെ ബോധിപ്പിച്ചു. അഡീഷണല്‍ സോളിസിറ്റർ ജനറലാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്. ഒറ്റപ്പെട്ട സ്വർണക്കടത്തല്ല ഇതെന്നും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു.