കുടുംബബന്ധം എന്തെന്നറിയാത്ത മോദി പാരമ്പര്യം പറയരുത്: കെ. സുധാകരന്‍

Jaihind Webdesk
Friday, January 25, 2019

കണ്ണൂര്‍: കുടുംബബന്ധം എന്തെന്നറിയാത്ത നരേന്ദ്രമോദിക്ക് കുടുംബപാരമ്പര്യത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പോലീസ് സഭാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ലൊരു ഭരണാധികാരിയാകണമെങ്കില്‍ നല്ല പിതാവാകണം, നല്ല ഭര്‍ത്താവാകണം, നല്ലൊരു മകനാകണം, സഹോദരനാകണം. ഇതൊന്നും അറിയാത്ത മോദിക്ക് ജനങ്ങളുടെ പള്‍സ് എന്താണെന്ന് അറിയാന്‍ സാധിക്കില്ല. നെഹ്‌റുവിന്റെയും കുടുംബത്തിന്റെയും പാരമ്പര്യത്തെക്കുറിച്ച് അധിക്ഷേപിക്കുമ്പോള്‍ രാജ്യത്തെ ഇന്നത്തെ നിലയിലെത്തിക്കാന്‍ വേണ്ടി പ്രയത്‌നിച്ച ആ കുടുംബത്തിലെ രണ്ടു പേര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ച കാര്യമെങ്കിലും ഓര്‍ക്കണമായിരുന്നു.

രാജ്യത്ത് കുടുംബാധിപത്യം നടപ്പിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് മോദിപറയുന്നത്. രാജ്യം ഭരിക്കേണ്ടത് കുടുംബമല്ലെന്നും പാര്‍ട്ടിയാണെന്നും പറയുന്ന മോദി രാജ്യത്ത് നടത്തുന്ന ഭരണം ഏകാധിപതിയെ പോലെയാണ്. മോദിയും അമിത്ഷായും കൂടിയുള്ള കൂട്ടുകച്ചവടം രാജ്യത്തെ കുട്ടിച്ചോറാക്കിയിരിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും എല്ലാം ജനങ്ങളെ കുത്തുപാളയെടുപ്പിച്ചിരിക്കുന്നു. ഈ ഭരണം വേണ്ടയെന്ന് ജനം തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയം. വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പറത്തി നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കും. ഈ ഒരു സാഹചര്യം മനസിലാക്കി പാര്‍ട്ടിയും പോഷക സംഘടനകളും ശക്തമായി പ്രവര്‍ത്തിച്ചാല്‍ ഉജ്വലവിജയം നേടാന്‍ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ധാര്‍ഷ്ട്യത്തിന്റെ പ്രതിരൂപമായി മാറിയ പിണറായി വിജയന്‍ ഒരു ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മുന്നിലെത്തി ആരും ഒന്നും പറയാന്‍ പാടില്ല. താന്‍ മനസില്‍ കാണുന്ന കാര്യം നടപ്പിലാക്കുക മാത്രം മറ്റുള്ളവര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് പിണറായി വിജയനുള്ളത്. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാന്‍ ഒരു ജയരാജനുണ്ട്. അയാളെക്കുറിച്ച് എന്താണ് പറയുക ഇയാളുടെ ഉപദേശം കേള്‍ക്കാന്‍ ഏഴ് പേര്‍ ഓഫീസിലുണ്ട്. എല്ലാവരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തിലെ കുടുംബയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം പറയാതെ വികസനം പറഞ്ഞ് നടക്കുകയാണ്. എന്ത് വികസനമാണ് സര്‍ക്കാര്‍ നടത്തിയത്. ജലപാത നടപ്പിലാക്കി, ദേശീയപാത വികസനം ഊര്‍ജ്ജിതമായി നടപ്പിലാക്കിയെന്നും വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയെന്നും അവകാശപ്പെടുന്നുണ്ട്. എവിടെയാണ് ജലപാത നടപ്പിലാക്കിയതെന്ന് കൂടി പിണറായി വിജയന്‍ പറയണമായിരുന്നു. എവിടെയാണ് ദേശീയപാത വികസനം പൂര്‍ത്തിയാക്കിയത്. കീഴാറ്റൂരില്‍ ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ല. എന്നിട്ടും വികസനം നടപ്പിലാക്കിയെന്ന് പറയുന്ന മുഖ്യമന്ത്രി വീമ്പ് പറയുകയാണെന്ന് സുധാകരന്‍ പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എം ഷാജി എം എല്‍എ, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജി വര്‍ഗ്ഗീസ്, സി ജോസ് കുട്ടി, ടി വിജയന്‍, എം വി അഭിലാഷ്, രാജന്‍ തോമസ്, എ കെ അബ്ദുള്‍ ലത്തീഫ്, കെ ജയകൃഷ്ണന്‍, വി രാധാകൃഷ്ണന്‍, അഡ്വ. കെ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.