വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

Jaihind Webdesk
Saturday, October 28, 2023

 

തിരുവനന്തപുരം: ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടിയതായാണ് പരാതി. കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബി.ആര്‍. നീരജിനാണ് ക്രൂര മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. കോളേജിലെ എബിവിപി പ്രമുഖിനെ കാണണമെന്ന സന്ദേശം അവഗണിച്ചതാണ് പ്രകോപന കാരണമെന്ന് വിദ്യാർത്ഥി പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോളേജിനുള്ളില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നീരജിനെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ 26-ന് കോളേജിലെ എബിവിപി പ്രമുഖിനെ കാണമെന്ന് വിദ്യാർത്ഥികൾക്ക് കോളേജ് ഗ്രൂപ്പില്‍ എബിവിപി പ്രവർത്തകർ സന്ദേശം അയച്ചിരുന്നു. എബിവിപി പ്രമുഖിനെ കാണണമെന്ന സന്ദേശം അവഗണിച്ചതോടെയാണ് അഞ്ചംഗ സംഘം നീരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ വരെ ചവിട്ടിയതായി നീരജ് പോലീസിന് പരാതി നൽകി.

മർദ്ദിച്ച ശേഷം സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്നും എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തി. കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ നീരജ് ആശുപത്രിയിൽ ചികിത്സ തേടി. ഗുണ്ടാസംഘ മാതൃകയിൽ എബിവിപി പ്രവർത്തകർ ധനുവച്ചപുരം കോളേജിൽ നിരന്തരം ഇത്തരം അതിക്രമങ്ങൾ നടത്തുന്നതായ വ്യാപക പരാതിയാണ് ഉയർന്നിട്ടുള്ളത്. നീരജിന്‍റെ കുടുംബം പാറശാല പോലീസിൽ പരാതി നൽകി. പുതുതായി കോളേജിലെത്തിയ നീരജിനെ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തികർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.