മുഖ്യമന്ത്രിക്ക് വേണ്ടി റോഡുകള്‍ അടച്ചു, പൊതുജനത്തെ ദുരിതത്തിലാക്കി ഒന്നര മണിക്കൂർ ഗതാഗത നിയന്ത്രണം; മാധ്യമപ്രവര്‍ത്തകർക്ക് പാസ്; അസാധാരണ നടപടിക്രമങ്ങള്‍

Jaihind Webdesk
Saturday, June 11, 2022

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടിക്ക് വൻ സുരക്ഷാ സന്നാഹം. മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ജനം വലഞ്ഞു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് മാധ്യമപ്രവർത്തകർക്കും പാസ് ഏർപ്പെടുത്തി. നാട്ടുകാരും പോലീസുകാരും തമ്മില്‍ വാക്കുതർക്കവുമുണ്ടായി. വാഹനങ്ങൾ കെ.കെ റോഡിൽ ജനറൽ ആശുപത്രിക്ക് മുന്നിലും തടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി.

സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷയെന്നാണ് വിവരം.  പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ തന്നെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഗസ്റ്റ് ഹൗസിൽ നിന്നും പരിപാടി നടക്കുന്ന ഹാൾ വരെയുള്ള റോഡുകളിലെല്ലാം പോലീസിനെ വിന്യസിച്ചു. പോലീസിന്‍റെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി വിലയിരുത്തുകയും ചെയ്തിരുന്നു. കോട്ടയം നഗരത്തിലും പൊലീസ് സുരക്ഷ ശക്തമാക്കി. ജനറൽ ആശുപത്രിയുടെ ​​ഗെയ്റ്റും പൂട്ടി. വാഹനങ്ങളെല്ലാം വഴിതിരിച്ചു വിട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചത്.

ബസേലിയസ് കോളജ് ജംഗ്ഷൻ, കളക്ടറേറ്റ് ജം‌ഗ്ഷൻ, ചന്തക്കവല, ഈരയിൽകടവ് തുടങ്ങി കെകെ റോഡിലെ എല്ലാ പ്രധാന കവലകളും പോലീസ് അടച്ചിട്ടു. കേരളത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഇതേവരെ ഇത്തരമൊരു നിയന്ത്രണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകര്‍ക്ക് പാസ് ഏർപ്പെടുത്തി. സാധാരണ ഗതിയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി എസ്പിജി സുരക്ഷ നൽകുന്ന വിവിഐപികൾ പങ്കെടുക്കുന്ന പരിപാടികൾക്കാണ് ഇത്തരത്തിൽ പാസ് നൽകി പ്രവേശനം നടത്തുന്നത്. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ സിപിഎമ്മിന്‍റെ പോഷകസംഘടനയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.