‘പിണറായിയുടെ അടിമയെപ്പോലെ’; സിപിഐ ജില്ലാ സമ്മേളനത്തില്‍ കാനത്തിനും സിപിഎമ്മിനും രൂക്ഷ വിമർശനം

Jaihind Webdesk
Sunday, August 7, 2022

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കാനം  പ്രവർത്തിക്കുന്നത് പിണറായി വിജയന്‍റെ അടിമയെ പോലെയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിലെ എൽഡിഎഫ് യോഗങ്ങളിൽ വേണ്ട വിധത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വിമർശനമുയർന്നു.

എൽദോസ് എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിക്കുകയാണ് ചെയ്തത്. പ്രതിപക്ഷത്ത് വരുമ്പോഴും  ഇങ്ങനെ ന്യായീകരിക്കുമോ എന്ന ചോദ്യവും ഉയർന്നു. അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത്. പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർത്ഥികൾ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിൽ ആണെന്നും വിമർശനമുയർന്നു.

കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമർശനമുയർന്നു. കെ.യു ജെനീഷ് കുമാർ എം.എൽ.എക്ക് സി.പി.എയോട് വിരോധമാണ്. സിപിഐയെ അവഗണിച്ചാണ് കോന്നിയിൽ സിപിഎം മുന്നോട്ട് പോകുന്നത്. വീണ ജോർജ് – ചിറ്റയം ഗോപകുമാർ തർക്കം ഇടതുമുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. അങ്ങാടിക്കൽ – കൊടുമൺ സംഘർഷത്തിൽ കുറ്റക്കാർക്കെതിരായ നടപടിയെടുക്കുന്നതിൽ സിപിഎം വാക്ക് പാലിച്ചില്ല. സീതത്തോട് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സിപിഎം സംഘർഷമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നത്.